തൊടുപുഴ: ക്ലാസ് മുറികളിലെ അധ്യാപന പഠന രീതികളെ നവീന സാങ്കേതികവിദ്യകളുമായി സമന്വയിപ്പിക്കുന്നതിന്റെ സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ച് ദ്വിദിന ദേശീയ സെമിനാര്‍ നടത്തി. അല്‍അസ്ഹര്‍ കോളജിന്റെ ആഭിമുഖ്യത്തില്‍ എംജി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആൻഡ് ഓണ്‍ലൈന്‍ എഡ്യൂക്കേഷനുമായി സഹകരിച്ചു നടത്തിയ സെമിനാര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. ഡോ.ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്തു. അല്‍അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്മാന് കെ.എം. മൂസ അധ്യക്ഷത വഹിച്ചു.
ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജെബിമോള്‍ സി. മൈതീന്‍, എംജി സര്‍വകലാശാല സിഡിഒഇ ഡയറക്ടര്‍ പ്രഫ. ഡോ. സിബു ജി. നെറ്റോ, നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജ് ഓഫ് ആര്‍ട്സ് ആൻഡ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. വിജി. കെ. രാമകൃഷ്ണന്, അല്‍അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് അക്കാദമിക് ഡീന്‍ ഡോ. സോമശേഖരന്‍ ബി. പിള്ള, കോളജ് അസി. പ്രഫ. ആല്ബിന് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ക്ലാസ്റൂം വിദ്യാഭ്യാസം പുനര്‍വിചിന്തനം ചെയ്യുക, നൂതനമായ പെഡഗോഗി, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യ, എഐ പവേര്‍ഡ് ടീച്ചിംഗ് ആൻഡ് ലേണിംഗ് എന്നീ വിഷയങ്ങളിലാണ് സെമിനാര്‍ നടത്തിയത്. വിവിധ സെഷനുകളിലായി പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരുടെ പ്രഭാഷണങ്ങളും അക്കാദമിക് ചര്‍ച്ചകളും നടന്നു. എഐ ഉള്‍പ്പെടെയുള്ള ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളെ ഉത്തരവാദിത്വത്തോടെയും ഫലപ്രദമായും അധ്യാപനത്തില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു.
എംജി സര്‍വകലാശാല സിഡിഒഇ വിഭാഗത്തിലെ പ്രഫ. ഡോ. ഇസ്മയില്‍, അല്‍അസ്ഹര്‍ ട്രെയിനിംഗ് കോളജ് അസി. പ്രഫ.എ.എം. സുമി എന്നിവര്‍ ചേര്‍ന്ന് രചിച്ച പുസ്തകം വൈസ് ചാന്‍സലര്‍ പ്രകാശനം ചെയ്തു.